National
പാറ്റ്ന: ബീഹാറിലെ ഗോപാൽഗഞ്ച് ജില്ലയിൽ വിവാഹ ആഘോഷത്തിനിടെ യുവാവ് വെടിയേറ്റു മരിച്ചു. പാട്ട് മാറ്റുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഉത്തർപ്രദേശ് സ്വദേശി സോനു ഗൗണ്ട് (25) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്, മറ്റ് നിയമ നടപടികൾ പുരോഗമിക്കുകയാണ്.
വിവാഹ ആഘോഷത്തിൽ നൃത്തം ചെയ്യാൻ എത്തിയതായിരുന്നു സോനുവും മറ്റ് നാല് പേരും. പരിപാടി നടന്നുകൊണ്ടിരിക്കെ അവിടെയുണ്ടായിരുന്ന അതിഥികളിൽ ചിലർ പാട്ട് മാറ്റാൻ പറയുകയും അതിനനുസരിച്ച് നൃത്തം ചെയ്യണമെന്നും നർത്തകരോട് ആവർത്തിച്ച് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഈ ആവശ്യം വിസമ്മതിച്ചതോടെ, പ്രതികളും നൃത്തസംഘത്തിലെ അംഗങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായി.
തർക്കം രൂക്ഷമായതോടെയാണ് പ്രതികളിൽ ഒരാൾ തോക്കെടുത്ത് സോനുവിന് നേരെ വെടിയുതിർത്തു. ഗുരുതരമായി പരിക്കേറ്റ സോനുവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കേസെടുത്ത പോലീസ് ഒളിവിൽ പോയ മറ്റ് പ്രതികളെ കണ്ടെത്തുന്നതിനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Kerala
പാങ്ങ്: മനസിൽ വിങ്ങലായി വിനോദയാത്രയ്ക്കിടെ അധ്യാപിക ആശ പാടിയ ആ ഗാനം.
വാഹനത്തിനുള്ളിൽ കൂട്ടുകാരോടൊപ്പം ആസ്വദിച്ച് പാടിയ പൂക്കൾ... പനീനീർ പൂക്കൾ... എന്ന ഗാനത്തിലെ നമ്മൾ നെയ്യും വസന്തം മായരുതെങ്ങും.. എന്ന വരികൾ പാടിതീരുംമുന്പ് നിശബ്ദമാകുകയായിരുന്നു ആ ഗായികയും വരികളും..... ആ സന്തോഷനിമിഷങ്ങൾ രേഖപ്പെടുത്തിയ ദൃശ്യങ്ങൾ ഇപ്പോൾ കണ്ണീരണിഞ്ഞേ കാണാനാകൂ.
ഒന്നാം ക്ലാസുകാരനായ അജുവിന്റെ അമ്മയാണ് ആശ ടീച്ചർ.
Kerala
മനാമ: ക്രൈസ്തവ ഭക്തിഗാന രംഗത്തു മറ്റൊരു ശ്രദ്ധേയ ഗാനവുമായി ബഹ്റിൻ മലയാളികൾ. കഴിഞ്ഞ ക്രിസ്മസ് കാലത്തു ബഹ്റിൻ അവാലി കത്തീഡ്രലിലെ മലയാളി ക്വയർ ടീം പുറത്തിറക്കിയ "തൂമഞ്ഞു പെയ്യുന്ന സ്വർഗീയ രാത്രി' ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇതിനു പിന്നിൽ പ്രവർത്തിച്ച ചില സംഗീതപ്രവർത്തകരാണ് പുതിയ ഗാനവുമായി ക്രൈസ്തവ ഭക്തിഗാനരംഗത്ത് ബഹ്റിൻ മലയാളികളുടെ കൈയൊപ്പ് ചാർത്തിയിരിക്കുന്നത്.
ദിവ്യകാരുണ്യം ഹൃത്തിനാനന്ദം എന്ന ഗാനമാണ് ഇപ്പോൾ പള്ളികളിൽ മുഴങ്ങിത്തുടങ്ങിയിരിക്കുന്നത്. ബഹ്റിനിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശി അജീഷ് ബോസ് ആണ് ഈ ഗാനത്തിന്റെ രചനയും സംഗീതവും ഒരുക്കി ആലപിച്ചിരിക്കുന്നത്. ശാന്തമായി ഒഴുകുന്നതുപോലെയുള്ള സംഗീതവും ആലാപന ശൈലിയും ഏറെപ്പേരെ ആകർഷിച്ചിട്ടുണ്ട്. മനസിൽ തൊടുന്ന കാവ്യഭംഗിയുള്ള വരികളാണ് മറ്റൊരു പ്രത്യേകത.
അവാലി കത്തീഡ്രൽ ക്വയർ മെംബർ കൂടിയാണ് അജീഷ് ബോസ്. ഒാഡിയോ വിഡിയോ പ്രൊഡക്ഷൻ ആന്റണി സണ്ണി നിർവഹിച്ചിരിക്കുന്നു. റിക്കാർഡിംഗ്: സിനി വേവ് സ്റ്റുഡിയോ ബഹ്റിൻ. അവതരണം: മ്യൂസിക് ഡ്രീമേഴ്സ്, ബഹ്റിൻ. സപ്പോർട്ട്: എസിഎംസി ക്വയർ, ബഹ്റിൻ.
Kerala
കൊച്ചി: ക്രിസ്തീയ ഭക്തിഗാനരംഗത്ത് എക്കാലവും ഓര്മിക്കപ്പെടുന്ന ഹിറ്റ് ഗാനങ്ങള്ക്ക് ഈണമൊരുക്കിയ ഫാ. ഡോ. ജെസ്റ്റിന് പനയ്ക്കല് (90) അന്തരിച്ചു. ഒസിഡി സന്യാസസമൂഹാംഗമാണ്. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞു മൂന്നിന് മഞ്ഞുമ്മല് കര്മലീത്ത ആശ്രമ ദേവാലയത്തില്.
പൈതലാം യേശുവേ, മഞ്ഞുപൊതിയുന്ന മാമരം കോച്ചുന്ന, സ്നേഹസ്വരൂപാ തവദര്ശനം, ദൈവം നിരുപമസ്നേഹം, എന് ജീവിതമാം ഈ മരക്കൊമ്പില്... തുടങ്ങിയ അനശ്വരഗാനങ്ങളുടെ സംഗീത സംവിധായകനാണ്. ഈണമിട്ട 29 പാട്ടുകളില് 25 ഉം ഗാനഗന്ധര്വന് യേശുദാസിന്റെ ശബ്ദത്തിലാണു ലോകം ആസ്വദിച്ചതെന്നതും ശ്രദ്ധേയം.
കെ.എസ്. ചിത്രയുടെ സംഗീതജീവിതത്തില് വഴിത്തിരിവായ ഗാനമാണ് പൈതലാം യേശുവേ... എന്ന ശ്രദ്ധേയ ഗാനം. തരംഗിണിയുടെ സ്നേഹപ്രവാഹം എന്ന കാസറ്റിലൂടെയാണ് ഈ ഗാനം പുറത്തിറങ്ങിയത്. സ്കൂള് യുവജനോത്സവ വേദികളില് തിളങ്ങിനിന്ന കെ.എസ്. ചിത്രയെക്കൊണ്ട് ഈ പാട്ടുപാടിക്കാന് പനക്കലച്ചനോടു നിര്ദേശിച്ചതു യേശുദാസ് തന്നെയായിരുന്നു.
തരംഗിണിയുടെ ഹിറ്റുകളായ സ്നേഹസന്ദേശം, തളിര്മാല്യം തുടങ്ങിയ ആല്ബങ്ങളിലും പനയ്ക്കലച്ചന്റെ പാട്ടുകളുണ്ടായിരുന്നു.
കുമ്പളങ്ങി സ്വദേശിയായ പനക്കല് ജോബിന്റെ മകനാണു ഫാ. ജെസ്റ്റിന്. 1952 ലാണ് കര്മലീത്ത നിഷ്പാദുക സഭയില് അംഗമാകുന്നത്. 1962 ല് തിരുപ്പട്ടം സ്വീകരിച്ചു. റോമില്നിന്നു ദൈവശാസ്ത്രത്തില് ബിരുദാനന്തരബിരുദവും ഡോക്ടറേറ്റും പൂര്ത്തിയാക്കിയ ശേഷം 1969 മുതല് മംഗലപ്പുഴ പൊന്തിഫിക്കല് സെമിനാരിയില് പ്രഫസറായി സേവനം ചെയ്തു. ദീര്ഘകാലമായി വിശ്രമജീവിതം നയിക്കുകയായിരുന്നു.
ഫാ. ജെസ്റ്റിന് പനയ്ക്കലിന്റെ മൃതദേഹം ആറിനു രാവിലെ ഏഴു മുതല് മഞ്ഞുമ്മല് കര്മലീത്ത ആശ്രമ ദൈവാലയത്തില് പൊതുദര്ശനത്തിനു വയ്ക്കും.
Movies
ആശാൻ സിനിമയ്ക്കു വേണ്ടി സംവിധായകൻ ജോൺപോൾ ജോർജ് സംഗീതം നൽകി ആലപിച്ച ഗാനം ശ്രദ്ധേയമാകുന്നു. ചിറകേ ചിറകേ വെൺമാനത്തേറാൻ ഊഴം വന്നുവോ... എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ മികച്ച അഭിപ്രായം നേടിയിരിക്കുന്നത്.
ജോൺപോൾ ജോർജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ആശാൻ സിനിമയുടെ റിലീസ് ഫെബ്രവരി അഞ്ചിന് പ്രഖ്യാച്ചിരിക്കുകയാണ്. ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു. നേരത്തെ ഇതേ സിനിമയിലെ തന്നെ "കുഞ്ഞിക്കവിൾ മേഘമേ' എന്ന ഗാനം തരംഗമായി മാറിയിരുന്നു. റീൽസിലും മറ്റും ഇപ്പോഴും നിറഞ്ഞു നിൽക്കുകയാണ് ഈ ഗാനം.
ഇതിനു പിന്നാലെ ചിത്രത്തിലെ "മയിലാ സിനിമയിലാ" എന്ന ഗാനത്തിന്റെ വീഡിയോ അവതരിപ്പിച്ചു. ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഗാനം ഏറെ ഉപയോഗിക്കപ്പെട്ടു കഴിഞ്ഞു. ശ്രീജിത്ത് ഡാസ്ലേഴ്സ് നൃത്തം ഒരുക്കിയ ഗാനരംഗത്തിൽ ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ എന്നിവരും അഭിനയിച്ചിട്ടുണ്ട്.
സിനിമ റിലീസിനു മുന്നോടിയായിട്ടാണ് സംവിധായകൻ തന്നെ ആലപിച്ച "ചിറകേ ചിറകേ' എന്ന ഗാനം അണിയറക്കാർ പുറത്തുവിട്ടത്. വിനായക് ശശികുമാറാണ് ഹൃദയത്തിൽ തൊടുന്നതുപോലെയുള്ള വരികൾ എഴുതിയിരിക്കുന്നത്.
ജോൺപോളിന്റെ തന്നെ റീത്ത റിക്കാർഡ്സ് എന്ന മ്യൂസിക് കമ്പ നിയുടെ യുട്യൂബ് ചാനൽ വഴിയാണ് പാട്ട് റിലീസ് ചെയ്തത്.
Kerala
തൃശൂർ: മിനിസ്ക്രീനിലെ പാട്ടുവിശേഷങ്ങൾകൊണ്ട് മലയാളികളുടെ മനംകവർന്ന വി.എസ്. കൃഷ്ണ ഇനി കലോത്സവവേദിക്കും പ്രിയങ്കരി. ഹൈസ്കൂൾ വിഭാഗം ഉറുദു ഗസൽ ആലാപനത്തിലാണ് പാലക്കാട് വട്ടേനാട് ജിവിഎച്ച്എസ്എസിലെ ഈ പത്താംക്ലാസുകാരി കന്നിയങ്കത്തിൽതന്നെ എ ഗ്രേഡ് തിളക്കവുമായി മടങ്ങുന്നത്.
മെഹ്ദി ഹുസൈന്റെ പ്രശസ്തമായ ഖുലി ജോ ആംഖ് എന്ന ഗസലുമായാണ് കൃഷ്ണ വേദി കീഴടക്കിയത്. ടിവി റിയാലിറ്റി ഷോകളിലൂടെ നേരത്തേതന്നെ സുപരിചിതയായ കൃഷ്ണയെ തേടി എഐഎംഎ വോയ്സ് പുരസ്കാരവും എത്തിയിട്ടുണ്ട്.
ഹിന്ദുസ്ഥാനിസംഗീതത്തിൽ ചുവടുറപ്പിച്ചായിരുന്നു കൃഷ്ണയുടെ തുടക്കം. പിന്നീട് കൂറ്റനാട് നടന്ന മെഹ്ഫിൽ സംഗീതപരിപാടിയിലൂടെയാണ് ഗസലിന്റെ ഭാവലോകത്തേക്കു താരം ചുവടുമാറുന്നത്. കൂറ്റനാട് വാണി വീട്ടിൽ ഷിബു-സബിത ദമ്പതികളുടെ മകളാണ്.
Kerala
തൃശൂർ: റിയാലിറ്റി ഷോയുടെ വെള്ളിവെളിച്ചത്തിൽനിന്ന് കലോത്സവത്തിന്റെ ലളിതഗാനവേദിയിലേക്കെത്തുമ്പോഴും ഷിൻസി ഷിജുവിനു വിജയതാളം. ഹയർസെക്കൻഡറി വിഭാഗം ലളിതഗാനത്തിലാണ് എറണാകുളം കടവൂർ ജിവിഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥി എ ഗ്രേഡ് തിളക്കം മൂന്നാംവർഷവും നിലനിർത്തിയത്.
ഒരു വർഷത്തെ ഇടവേളയ്ക്കുശേഷമായിരുന്നു ലളിതഗാനവേദിയിലേക്കുള്ള മടങ്ങിവരവ്. കഴിഞ്ഞ വർഷം കവിതാലാപനത്തിലും എ ഗ്രേഡ് നേടി.
വിവിധ സ്റ്റേജ് ഷോകളിലും റിയാലിറ്റി ഷോകളിലും സജീവമായ ഈ കൊച്ചുഗായികയെ സംഗീതത്തിന്റെ വഴികളിൽ നയിക്കുന്നത് ഗുരു കോതമംഗലം ആർഎൽവി ബാബുരാജാണ്. കടവൂർ ഷിജു വി. ചാക്കോയുടെയും ജാൻസിയുടെയും മകളാണ്.
NRI
വിയന്ന: ക്രിസ്മസിനെ അനുസ്മരിക്കുമ്പോള് ആദ്യം മനസിൽ ഓടിയെത്തുന്ന അവിസ്മരണിയമായ കവിതയാണ് ലോകം നെഞ്ചിലേറ്റിയ "സൈലന്റ് നൈറ്റ് ഹോളി നൈറ്റ്' (ശാന്ത രാത്രി തിരുരാത്രി) എന്ന മനോഹരമായ ഗാനം.
സംഗീതത്തിന്റെ നാടെന്ന് അറിയപ്പെടുന്ന ഓസ്ട്രിയയില് നിന്നും 207 വര്ഷങ്ങൾക്ക് മുമ്പ് പിറന്ന ഈ ഗാനം ലോകജനത പാടിയിട്ടുള്ളതില് വച്ചേറ്റവും ഏറ്റവും പ്രിയപ്പെട്ട ക്രിസ്മസ് കരോളുകളിലൊന്നായാണ് ഇന്ന് അറിയപ്പെടുന്നത്.
ഓരോ ക്രിസ്മസ് കടന്നു പോകുമ്പോഴും ഈ ഗാനം ഇന്നും ലോകത്തിലെ ബഹുഭൂരിപക്ഷം ദേവാലയാളങ്ങളിലും ആലപിക്കുന്നു. ഉണ്ണിയേശുവിന്റെ ജന്മരാവിനെ വിവരിക്കുന്ന ഗാനം ഓസ്ട്രിയയുടെ സുന്ദരമായ ഗ്രാമീണതയില് സംഗീതം നല്കപ്പെട്ടതായാണ് രേഖകള് വ്യക്തമാക്കുന്നത്.
സാല്സ്ബുര്ഗില് നിന്നും 17 കിലോമീറ്റര് മാറിയുള്ള ഓബേന്ഡോര്ഫ് എന്ന ഉള്നാടന് ഗ്രാമത്തിലെ സെന്റ് നിക്കോളാസ് ദേവാലയത്തില് 1818ലെ ക്രിസ്മസ് തലേന്ന് ഈ ഗാനം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.
പുതുതായി ഓബേന്ഡോര്ഫിലെത്തിയ യുവ വൈദീകന് ഫാ. ജോസഫ് മോര് എഴുതിയ (1816-ല് എഴുതിയെന്നാണ് കരുതുന്നത്) വരികള് പള്ളിയിലെ ഗായക സംഘം നയിക്കുന്ന ഫ്രാന്സ് ഗ്രുബറുടെ കൈവശം നല്കി.
പള്ളിയില് പാടാവുന്ന തരത്തില് വരികള്ക്ക് സംഗീതം നലകണമെന്നാണ് ജോസഫ് അച്ചന് ഗ്രുബര്ക്ക് നല്കിയ നിര്ദ്ദേശം. ഇത് 1818 ഡിസംബര് 24ാം തിയതി ആയിരുന്നു. അന്ന് വൈകുന്നേരം തന്നെ വെറും ഒരു സ്കൂള് സംഗീതമാസ്റ്ററായ ഫ്രാന്സ് ഗ്രൂബര് ഗാനം ചിട്ടപ്പെടുത്തി ജോസഫ് അച്ചന്റെ അടുത്ത് എത്തി പാടി കേള്പ്പിച്ചു.
അച്ചന് സംഗീതം നന്നായി ബോധിച്ചു. അദ്ദേഹം അന്നത്തെ ക്രിസ്മസ് കുര്ബാനയില് ആ ഗാനവും ഉള്പ്പെടുത്തി. കുര്ബാനയക്ക് വന്നവര്ക്കെല്ലാം പാട്ട് വളരെ ഇഷ്ട്ടപെട്ടു പ്രത്യേകിച്ച് അവിടെയുണ്ടായിരുന്ന കപ്പല് ജോലിക്കാര്ക്ക്. ഈ വിവരം 1854 ഡിസംബര് 30-ാം തിയതി ഗ്രൂബര് തന്നെയാണ് അദ്ദേഹത്തിന്റെ ഡയറിയില് കുറിച്ചത്.
ശാന്തരാത്രി തിരുരാത്രിയുടെ പിറവിയുമായി നിരവധി കഥകള് നിലവിലുണ്ടെങ്കിലും വിശ്വസനീയമായ ഒരു കഥ ഇങ്ങനെയാണ്. ക്രിസ്മസ് രാത്രിയില് പാടാനുള്ള പാട്ടുകളുടെ പരിശീലനം നടക്കുമ്പോള് പള്ളിയിലെ ഹാര്മോണിയം പെട്ടെന്ന് തകരാറിലായി.
ഗായക സംഘത്തിനു നേതൃത്വം നല്കുന്ന ഗ്രൂബറിനോട് ഫാ. മോര് ഗിറ്റാറില് ആലപിക്കാവുന്ന ഒരു ഗാനം ചിട്ടപ്പെടുത്താന് ഉടനെ ആവശ്യപ്പെട്ടു. അതിനു അദ്ദേഹം തന്നെ 1816ല് രചിച്ച വരികള് ഗ്രൂബറിന് കൈമാറി. പാട്ടെഴുതി രണ്ടു വര്ഷങ്ങള്ക്ക് ശേഷമാണ് ഇത് സംഭവിക്കുന്നത്.
National
കോൽക്കത്ത: സംഗീത പരിപാടിയിൽ മതേതര ഗാനം ആലപിക്കാത്തതിന് ബംഗാളി ഗായിക ലഗ്നജിത ചക്രവർത്തിയെ അധിക്ഷേപിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.
ഈസ്റ്റ് മിഡ്നാപൂരിലെ ഭഗവാൻപൂരിലെ ഒരു സ്വകാര്യ സ്കൂളിൽ നടന്ന ലൈവ് ഷോയ്ക്കിടെ മെഹബൂബ് മല്ലിക് എന്നയാൾ തനിക്ക് നേരെ മോശം ഭാഷ ഉപയോഗിക്കുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തുവെന്ന് ലഗ്നജിത ചക്രവർത്തി പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞു.
"ബസാന്റോ എഷെ ഗെച്ചെ' എന്ന ബംഗാളി ഗാനത്തിലൂടെ പ്രശസ്തി നേടിയ ലഗ്നജിത ചക്രവർത്തി, "ജാഗോ മാ' എന്ന ജനപ്രിയ ആത്മീയ ഗാനം ആലപിക്കുമ്പോൾ മല്ലിക് വേദിയിൽ കയറി വന്ന് തന്നെ അധിക്ഷേപിക്കുകയും ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു.
സംഭവത്തിൽ പരാതി നൽകിയപ്പോൾ ഭഗവാൻപൂർ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ കേസ് ഫയൽ ചെയ്യാൻ വിസമ്മതിച്ചുവെന്നും ഗായിക ആരോപിച്ചു. പോലീസ് ഉദ്യോഗസ്ഥരുടെ അശ്രദ്ധയ്ക്ക് അവർക്കെതിരെയും നടപടിയെടുക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, ഗായിക പരാതിപ്പെട്ടയാൾ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ അംഗമാണെന്ന് ബിജെപി ആരോപിച്ചു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വൈറലായ പോറ്റിയേ കേറ്റിയേ എന്ന പാട്ടിൽ കൂടുതൽ നിയമ നടപടികൾ വേണ്ടെന്ന് സര്ക്കാര്. പാട്ടിനെതിരെ കേസ് എടുക്കേണ്ടെന്ന് എഡിജിപി ജില്ലാ പോലീസ് മേധാവിമാര്ക്ക് നിര്ദേശം നൽകി.
സാമൂഹികമാധ്യമങ്ങളിൽ നിന്ന് പാട്ട് നീക്കില്ലെന്നും മെറ്റയ്ക്കും ഗൂഗിളിനും കത്ത് അയക്കില്ലെന്നും സർക്കാർ വ്യക്തമാക്കി. പാട്ട് നീക്കണമെന്ന് മെറ്റയോടും യുട്യൂബിനോടും പോലീസ് നിർദേശിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
പാട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് തിരുവാഭരണപാത സംരക്ഷണ സമിതി ജനറല് സെക്രട്ടറി പ്രശാന്ത് കുഴിക്കാലയാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് ഗാനരചയിതാവ് കുഞ്ഞബ്ദുള്ള, ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈര് പന്തല്ലൂര് എന്നിവരെ പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു.
പിന്നാലെ സംസ്ഥാനത്തുടനീളം പരാതികള് ലഭിച്ചിരുന്നു. എന്നാല് അതിലൊന്നും തുടര്നടപടികളിലേക്ക് കടക്കേണ്ടതില്ലെന്നാണ് തീരുമാനം. കേസ് കോടതിയിൽ ചെല്ലുമ്പോൾ തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്ക്കാര് പിൻമാറിയത്.
NRI
ഡാർവിൻ: പുതുവ ക്രിയേഷൻസിന്റെ ബാനറിൽ റവ.ഡോ. ജോൺ പുതുവ രചനയും ബിജു മൂക്കന്നൂർ സംഗീതവും നിർവഹിച്ച "മാലോകരെ കേട്ടുവോ' എന്ന ക്രിസ്മസ് ഗാനം സൂപ്പർ ഹിറ്റ്.
ക്രിസ്മസ് കരോളുകളിൽ ആലപിക്കാൻ പറ്റുന്ന വിധം ചിട്ടപ്പെടുത്തിയിട്ടുള്ള ഈ ഗാനം ആലപിച്ചിരിക്കുന്നത് ഇരട്ട സഹോദര വൈദികരായ ഫാ. വിപിനും ഫാ. വിനിലുമാണ്.
ഡാർവിൻ സെന്റ് അൽഫോൻസ പള്ളി ഗായക സംഘമാണ് ഈ ഗാനം നിർമിച്ചിരിക്കുന്നത്. എഡ്വിൻ കുര്യാക്കോസ് പശ്ചാത്തല സംഗീത നൽകിയ ഈ ഗാനത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ഹെർഷൽ ചാലക്കുടിയാണ്.
മെലഡിസ് അങ്കമാലിയിലെ കുട്ടികളാണ് കോറസ് ആലപിച്ചിരിക്കുന്നത്. ജോൺ പുതുവ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തിരിക്കുന്നു.
Leader Page
ചില ചോദ്യങ്ങളെ പുഞ്ചിരിച്ചുകൊണ്ടു നേരിടാനാകില്ല. നെഞ്ചുകീറി വേണം അതിനുത്തരം പറയാൻ. അത്തരം ഉത്തരങ്ങൾ നക്ഷത്രങ്ങൾ കെട്ടുപോയ ആകാശംപോലെയാണ്. ജലപ്പരപ്പുകൾക്കു മീതെ പൊന്തിക്കിടക്കുന്ന കാശിത്തുന്പകൾപോലെ. ഇടിമിന്നലിന്റെ ഇത്തിരിപ്പോന്ന വെളിച്ചത്തിൽ നിൽക്കുന്പോഴാണ് പ്രണയത്തെക്കുറിച്ചുള്ള ആദ്യചോദ്യം ഞാൻ ശ്രദ്ധിച്ചത്. അത് പത്തുമുപ്പതു വർഷം മുന്പാണ്. “താങ്കൾ പ്രണയിച്ചിട്ടുണ്ടോ?” എന്നായിരുന്നു ആ ചോദ്യം.
ഭൂമിയിലെ ഏറ്റവും നിഷ്കളങ്കമായ ചോദ്യമായിരുന്നു അത്. “ആമേൻ” എന്ന കുഞ്ഞു പ്രാർഥനപോലെ എനിക്കത് അനുഭവപ്പെട്ടു. എന്നാൽ, എനിക്കാ ചോദ്യത്തെ അത്ര പെട്ടെന്ന് നേരിടാനായില്ല. കാരണം, ആ ചോദ്യം ചോദിച്ചത് ഒരു പെണ്കുട്ടിയായിരുന്നു. അവൾ പാതിവാതിൽ മറഞ്ഞുനിന്നല്ല അതു ചോദിച്ചത്. എന്റെ കണ്ണുകളിലേക്ക് ഇറങ്ങിനിന്നാണവൾ ചോദിച്ചത്. “ഇല്ല” എന്നു പറയാൻ എളുപ്പമായിരുന്നു. പ്രണയിച്ചിട്ടുണ്ട് എന്നു പറയാൻ അപാരമായ ലജ്ജ എന്നെ അനുവദിച്ചതുമില്ല. ഞാൻ നിശബ്ദനായി. നൂറുനൂറിഴ കൂട്ടിപ്പിരിച്ച കയറിനുള്ളിൽ എന്റെ വാക്കുകൾ കുരുങ്ങിക്കിടക്കുകയായിരുന്നു. അതഴിക്കാൻ ഞാൻ ശ്രമിക്കുന്പോഴെല്ലാം അവൾ ചിരിച്ചു. “എനിക്ക് തന്നോടൊരിഷ്ടമുണ്ട്” -അവൾ പറഞ്ഞു. അവളുടെ ഒറ്റവരിക്കവിത നേരേ എന്റെ ഹൃദയത്തിലേക്കാണെത്തിയത്. അതുവരെ ഒരു കൽത്തുറുങ്കായി കരുതിയിരുന്ന എന്റെ ഹൃദയം പൊടുന്നനെ കിളിർക്കാൻ തുടങ്ങി. എല്ലാ ഋതുവിലും അതു പൂവിടും എന്നുതോന്നി. “ഞാനൊരിക്കലും തന്റെ വഴികാട്ടിയാകില്ല, ഒരു ചെറുതുണ മാത്രം” -അവൾ വീണ്ടും ചിരിച്ചു.
സമാന്തര വിദ്യാലയങ്ങളിൽ പഠിപ്പിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. കാലത്തിന്റെ കനത്ത കരംകൊണ്ട് നിരന്തരം ഞാൻ ആക്രമിക്കപ്പെട്ടുകൊണ്ടിരുന്ന നാളുകൾ. ഒന്നിലും മനസ് കൊരുത്തിടാനാകുന്നില്ല. നിത്യപൂജതന്നെ മുടങ്ങുന്ന മടി. അതിനിടയിൽ ഒരുവൾ പ്രണയം മന്ത്രിക്കുന്നു. ഒരു ദിവസം അവളെന്നെ കാണാൻ ട്യൂട്ടോറിയലിലേക്ക് വന്നു. ഞാൻ കാണുന്ന ദിശയിൽ കാറ്റിൽ നെല്ലുലയുന്നപോലെ അവൾ നിന്നു. എന്തൊരു സൗന്ദര്യമായിരുന്നു ആ നില്പിന്. കൈകൾ കോർത്ത് മുറുക്കെപ്പിടിച്ച് ഭൂമിയുടെ അറ്റംവരെ പോകണമെന്നു തോന്നി. ഒരു കാമുകനിടാനുള്ള കുപ്പായം ഞാനുള്ളിൽ തുന്നാൻ തുടങ്ങി. ശൂന്യതയുമായി മല്ലിട്ടു മല്ലിട്ട് ഘനവിഷാദം ബാധിച്ച ഞാൻ പെട്ടെന്ന് ഛത്രചാമരങ്ങളണിഞ്ഞു. അവളെന്നെ ഗ്രാമങ്ങളിൽച്ചെന്നു രാപാർക്കാനും നേരത്തേ എഴുന്നേറ്റ് മുന്തിരിത്തോട്ടത്തിൽച്ചെന്ന് മുന്തിരിവള്ളികൾ തഴച്ചുവളർന്നോ എന്നു നോക്കാനും പറയുന്നതുപോലെ തോന്നി. അവിടെവച്ച് അവളെനിക്ക് നല്കുന്ന പ്രണയത്തെ ഓർത്ത് ഞാൻ കിടിലംകൊണ്ടു.
ഞങ്ങൾ ഒത്തിരി ദൂരം നടന്നു. ഒരുപാട് മിണ്ടിപ്പറഞ്ഞു. മാംസനിബദ്ധമായിരുന്നില്ല ആ രാഗം. അഗ്നിയിൽ നീറി ദഹിക്കാത്ത അസ്ഥികൾ കൊണ്ടായിരുന്നു ഞങ്ങളുടെ ഇഷ്ടം അന്യോന്യം കൊരുത്തുകെട്ടിയത്. അതിനു മുകളിൽ ഞങ്ങൾ കൊടി നാട്ടിയില്ല. അതിനാൽ ആർക്കുമത് അറിയാനായില്ല. വെയിലാറിത്തുടങ്ങിയ ഒരു സായാഹ്നത്തിൽ അവൾ ചോദിച്ചു, “ഒരാലിംഗനത്തിൽ നമുക്കിതുവരെ എത്താനാകാത്തതിൽ നിനക്കു വിഷമമുണ്ടോ?” എന്ന്. “ഇല്ല.” പെട്ടെന്ന് ഞാൻ മറുപടി പറഞ്ഞു. “പക്ഷേ, നീ വച്ചുനീട്ടുന്നത് വിഷമാണെങ്കിൽകൂടി ഞാനതു കുടിക്കും” -അവൾ പറഞ്ഞു. ചുരമാന്തുന്ന എന്റെ ചിരി കണ്ടാകണം അവളും ചിരിച്ചു. ആ ചിരിയിൽ നിലാവിന്റെ കതിരുകൾ തളിർക്കുന്നത് ഞാനറിഞ്ഞു. ആ ചിരിയിൽ ജന്മദീർഘമാം ബോധികൾ ഉണർന്നുവോ എന്നറിയില്ല. ഒന്നറിയാം; പൂർവപുണ്യംപോലെ പൂത്തുനിൽക്കുന്ന ഈ നിമിഷങ്ങൾ എന്നെ തീവ്രരാഗത്താൽ അമർത്തിച്ചുംബിക്കുകയായിരുന്നുവെന്ന്.
എത്ര വേഗത്തിലാണ് ഞങ്ങൾ ഇരുദിശകളിലേക്ക് പാഞ്ഞുപോയത്. കാരണങ്ങളെ ഞാനെന്നേ അടക്കംചെയ്തുകഴിഞ്ഞു. ഇനി അതു തുറന്നുനോക്കിയാൽ ജീർണിച്ച ഒരു തേങ്ങൽ മാത്രമേ അതിനുള്ളിലുണ്ടാകൂ. ഏറെനാൾ ആ തേങ്ങൽ നമ്രമുഖിയായ് എന്നെ പിന്തുടർന്നിരുന്നു. അപ്പോഴെല്ലാം ഞാനെന്നെ മറന്നു നടക്കുകയായിരുന്നു.
പിന്നെപ്പിന്നെ പ്രണയത്തെക്കുറിച്ച് ആരും ചോദിക്കാതായി. മൗനദുഃഖിതർ അവരുടെ മണിവീണ മീട്ടിപ്പാടും രാവുകളിൽ, മധുചഷകം മോന്തും പാതിരാവുകളിൽ അവർ അവരുടെ പ്രണയകാലങ്ങളെ ചപ്പിക്കുടിച്ച് പുറത്തേക്ക് ചീറ്റും. അവർക്കിടയിൽ വിഷം തീണ്ടാതെ ഞാനിരിക്കും. പക്ഷേ, അപ്പോഴും ഒരായിരം രാഗരഥോത്സവങ്ങൾ എന്റെയുള്ളിൽ പൊടിപറത്തി പാഞ്ഞുനടപ്പുണ്ടാകും. അവരിലൊരാൾ ബോധംമറഞ്ഞ് എന്റെ നെഞ്ചിലേക്ക് ചാഞ്ഞുകിടന്നിട്ട് പറഞ്ഞു: “പറയൂ, നീ പ്രണയിച്ച അന്തപ്പുര നാരിമാരെക്കുറിച്ച്.” ആ അരങ്ങിൽ എന്റെ പ്രണയ രാഗവിസ്താരത്തിനു കേൾവിക്കാരുണ്ടാകുമായിരുന്നില്ല. എല്ലാവരും അവരവരുടെ മാളങ്ങളിലേക്ക് ഇഴഞ്ഞുപൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. ആ തണുത്ത രാത്രിയിൽ മധുശാല വിട്ട് ഞാനിറങ്ങി. മൂകനിലാഭമാം നഭസിൽ പുള്ളിമാനുകൾ ചാടിമറയുന്നു. മിന്നലൊളികളിലൂടെ ഞാനെല്ലാ വിഷകന്യകമാരെയും ഓർത്തു. ഓർമയിലോരോന്നിലും പ്രദക്ഷിണം ചെയ്തു. തൃക്കോവിലിലേക്ക് മടങ്ങുന്ന ആനന്ദവല്ലേശ്വരിമാരെ ഞാനോർത്തു.
കഴിഞ്ഞ ദിവസങ്ങളൊന്നിൽ കവിയും അധ്യാപികയും വായനക്കാരിയുമായ മിനി ബാലുശേരി എഴുതിച്ചോദിച്ചു, “മാഷ്, അത്രമേൽ ഹൃദയത്തോട് ചേർത്തവർ ഒന്നുംപറയാതെ ജീവിതത്തിൽനിന്ന് ഇറങ്ങിപ്പോയ വേദന അനുഭവിച്ചിട്ടുണ്ടോ?”എന്ന്. ആ നിമിഷംതന്നെ ഞാൻ മറുപടിയെഴുതി. “ഒരാളുണ്ടായിരുന്നു. എന്റെ ഹൃദയത്തിൽ ആഴം കൂടിയ മുറിവ് സമ്മാനിച്ചു കടന്നുപോയ ഒരാൾ. ആ നോവാണ് എന്നെ കവിയാക്കിത്തീർത്തത്.”
District News
മൂവാറ്റുപുഴ: തെരഞ്ഞെടുപ്പിനു ചൂടേറിയതോടെ പ്രചാരണഗാനങ്ങള് ചിട്ടപ്പെടുത്തി ഉസ്മാന്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു കാഹളം ഉയര്ന്നതോടെ പ്രചാരണത്തിന് കൊഴുപ്പുകൂട്ടി വോട്ടര്മാരെ കൈയിലെടുക്കാന് ഇമ്പമേറിയ ഗാനങ്ങള് ഒരുക്കുകയാണ് മൂവാറ്റുപുഴ സ്വദേശിയായ ഗായകന് ഉസ്മാന്.
സ്ഥാനാര്ഥി നിര്ണയം ഏതാണ്ട് പൂര്ത്തിയായതോടെ മുന്നണി സ്ഥാനാര്ഥികള് പാട്ടിനു വേണ്ടി ഉസ്മാനെ തേടി എത്തി തുടങ്ങി. സ്ഥാനാര്ഥിയുടെ പേരും പാര്ട്ടിയും ചിഹ്നവും വാര്ഡും പറഞ്ഞാല് മതി. പിന്നെ മണിക്കൂറുകള്ക്കകം പ്രചാരണ ഗാനം റെഡി.
സിനിമാ ഗാനങ്ങള്ക്കും പഴയകാല മാപ്പിളപ്പാട്ടുകളുടെ ഈണത്തിലുള്ള പാരഡികള്ക്കാണ് പ്രിയം. ഏത് ട്യൂണില് പാട്ട് ആവശ്യപ്പെട്ടാലും റെഡിയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നടക്കം 51 സ്ഥാനാര്ഥികള്ക്കായി പ്രചാരണ ഗാനങ്ങള് ഒരുക്കി കഴിഞ്ഞു.
പേഴയ്ക്കാപ്പിള്ളിയിലെ റെക്കോര്ഡിംഗ് സ്റ്റുഡിയോയിലാണ് പാട്ടുകള് ചിട്ടപ്പെടുത്തുന്നത്. ഗാനരചനയും സംഗീത സംവിധാനവും പാടുന്നതുമെല്ലാം ഉസ്മാന് തന്നെയാണ് . കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില് എറണാകുളത്തുള്ള സ്റ്റുഡിയോയായിരുന്നു ആശ്രയം. മണിക്കൂറുകള് നീണ്ട യാത്ര ഒഴിവാക്കാനാണ് നാട്ടില് തന്നെ സ്റ്റുഡിയോ ഒരുക്കിയിരിക്കുന്നത്.
നോമിനേഷന് നടപടികള് പൂര്ത്തിയായി സ്ഥാനാര്ഥികള് കളത്തിലിറങ്ങുന്നതോടെ പ്രചാരണ ഗാനങ്ങള്ക്ക്കൂടുതല് പേര് എത്തും. പണ്ടൊക്കെ പ്രചാരണ ഗാനങ്ങള് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലാണ് ഉപയോഗിച്ചിരുന്നതെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പ് മുതല് ഇതില് മാറ്റം വന്നുവെന്ന് ഉസ്മാന് പറയുന്നു. മൂവാറ്റുപുഴയിലെ സ്റ്റേജ് ഗായകനാണ് ഉസ്മാന്. പ്രമുഖഗായകര്ക്കൊപ്പം നിരവധി ആല്ബങ്ങളില് പാടിയിട്ടുള്ള ഉസ്മാന് കഴിഞ്ഞ കാല് നൂറ്റാണ്ടായി ഈ രംഗത്ത് പ്രവര്ത്തിക്കുന്നു.
Movies
പൃഥ്വിരാജ് നായകനായെത്തിയ കലണ്ടർ എന്ന ചിത്രത്തിലെ ഒരു ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റിംഗ്. പച്ചവെള്ളം തച്ചിന് സോജപ്പൻ, പത പതയും വീഞ്ഞാക്കും എന്നു തുടങ്ങുന്ന ഗാനത്തിനും അതിലെ അഭിനയത്തിനുമാണ് പൃഥ്വിരാജ് ട്രോളുകളേറ്റുവാങ്ങുന്നത്.
പാട്ടിന്റെ വരികളും പൃഥ്വിരാജിന്റെ മുഖത്തെ ഭാവങ്ങളും അഭിനയവുമൊക്കെയാണ് ട്രോളൻമാർ ഏറ്റെടുത്തിരിക്കുന്നത്. ടൈം ട്രാവലിംഗിന് അവസരമുണ്ടായിരുന്നേൽ രാജുവേട്ടൻ പോയി ഈ ഗാനം മാറ്റിക്കളഞ്ഞിട്ട് വരുമായിരുന്നു എന്നൊക്കെയാണ് ട്രോളുകൾ.
Kerala
തിരുവനന്തപുരം: എറണാകുളം - ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടന ചടങ്ങിനിടെ വിദ്യാര്ഥികളെക്കൊണ്ട് ആര്എസ്എസ് ഗണഗീതം പാടിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവന്കുട്ടി.
സംഭവം സംബന്ധിച്ച് ഉടന് റിപ്പോര്ട്ട് സമര്പ്പിക്കാന് പൊതുവിദ്യാഭ്യാസ ഡയറക്ടര്ക്ക് നിര്ദേശം നല്കി. റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് ആവശ്യമായ തുടര്നടപടികള് സ്വീകരിക്കും. വിദ്യാര്ഥികളെ പങ്കെടുപ്പിച്ച് ഔദ്യോഗിക ചടങ്ങ് നടത്തിയതില് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
സര്ക്കാര് പരിപാടികളില് കുട്ടികളെ രാഷ്ട്രീയവത്കരിക്കുന്നതും ഒരു പ്രത്യേക വിഭാഗത്തിന്റെ വര്ഗീയ അജണ്ടകള്ക്ക് ഉപയോഗിക്കുന്നതും ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണ്. രാജ്യത്തിന്റെ മതനിരപേക്ഷ ദേശീയത സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സര്ക്കാരിനുണ്ടെന്നും, അത് ഉറപ്പുവരുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.
വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിന് ശേഷം വിദ്യാർഥികൾ ട്രെയിനിന് അകത്തുനിന്നാണ് ഗണഗീതം പാടിയത്. സംഭവത്തില് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനമുയർത്തിയിരുന്നു. കൂടാതെ, സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ എംപി റെയിൽവേ മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.